കാഴ്ചക്കാർ

Saturday, 4 October 2014

വളര്‍ത്തുമൃഗം

വളര്‍ത്തുമൃഗം 
-----------------------------------
ദൂരെ ഏതോ ചന്തയില്‍ നിന്നും 
അച്ഛന്‍ ചുളുവിലക്ക് വാങ്ങിയതാത്രെ
അതാണ്‌ ഞങ്ങളെ 
പ്രസവിച്ചതും 
മുലയൂട്ടിയതും
ഉടുപ്പിക്കുന്നതും 
കുളിപ്പിക്കുന്നതും 
ആഹാരം തരുന്നതും 
അലക്കുന്നതും എല്ലാം
ഇതിനായി പ്രത്യേകിച്ച് 
ആഹാരം ഒന്നും വേണ്ട 
നമ്മള്‍ ഒക്കെ കഴിച്ചു 
ബാക്കി ഉള്ളത് ഇത് മിണ്ടാതെ 
രുചിയോടെ തിന്നും
ഇടയ്ക്കു അപ്പുറത്തെ മിന്നൂന്റെ വീട്ടിലെ 
വളര്‍ത്തു മൃഗം 
വേലിചാടി ഇപ്പുറത്ത് എത്താറുണ്ട് 
തിരിച്ചും ,
അപ്പോള്‍ ഈ രണ്ടു വളര്‍ത്തു മൃഗങ്ങള്‍ 
എന്തൊക്കെയോ ചെവിയില്‍ 
പറയുന്നത് കേള്‍ക്കാം 
അപൂര്‍വ്വം ചിരിക്കുകയും
രാത്രിയില്‍ ഇരുട്ടത്ത് 
ചിലപ്പോള്‍ ഇതിന്റെ 
നേര്‍ത്ത തേങ്ങലുകള്‍ കേള്‍ക്കാം
പകലും ഇടയ്ക്ക് ഇതിന്റെ 
കണ്ണുകള്‍ക്ക്‌ താഴെ 
രണ്ടു നീര്‍ച്ചാലുകള്‍ ഉണ്ടാകും 
എന്താന്നു ചോദിച്ചാല്‍ 
ഒന്നൂല്യ എന്നൊരു വാക്ക് മാത്രമേ 
അത് പഠിച്ചിട്ടുള്ളൂ എന്ന് തോന്നും
ഇടയ്ക്ക് ചില വിശേഷങ്ങള്‍ക്ക് 
ഞങ്ങള്‍ ഇതിനെ 
നെറ്റിയില്‍ കുറി ഒക്കെ തൊടുവിച്ചു 
കഴുത്തില്‍ കുറെ മാല ഒക്കെ ഇടീച്ചു 
പുറത്തു കൊണ്ട് പോകും ..
വല്ലപ്പോളും പുറത്തു ചാടുന്നത് കൊണ്ടാകാം 
വേറെ വളര്‍ത്തു മൃഗങ്ങളുടെ കൂടെ 
അത് വല്ലാത്ത മേച്ചിലാണ് 
വിളിച്ചാലും വിളിച്ചാലും വരില്ല 
പിന്നെ മൂക്കുകയര്‍ ഒക്കെ പിടിച്ചു 
ഉന്തി തല്ലി വണ്ടിയില്‍ കയറ്റും 
കൊണ്ട് വന്നു വീണ്ടും കെട്ടിയിടും .
ഇനി കെട്ടിയിട്ടില്ലെങ്കിലും 
അത് കൂടിയാല്‍ വേലി വരെയേ പോകൂ 
മുരിങ്ങയില പൊട്ടിക്കാനോ
ഗേറ്റില്‍ ഇട്ട പത്രം എടുക്കാനോ മറ്റോ 
കൃത്യം ആയി തിരിച്ചു വരും
പനിയൊക്കെ വന്നാല്‍
ഇത് ഇങ്ങോട്ട് തന്നെ പറയും 
ആശുപത്രിയില്‍ ഒന്നും പോണ്ട എന്ന് 
എന്നിട്ട് എന്തൊക്കയോ കുത്തിച്ചതച്ചു 
മരുന്നുണ്ടാക്കി കുടിക്കുന്നത് കാണാം
നമ്മള്‍ ചീത്ത പറഞ്ഞാലോ 
കളിയാക്കിയാലോ 
ഇതിനു അധികം പരാതി 
ഒന്നും തന്നെ ഇല്ല 
ഭയങ്കര നന്ദിയാ ...
-Sivaprasad Palode

നിഷാദം

നിഷാദം
================
നാദമാകും മു൯പേ
പുല്ലാങ്കുഴലിലെ
ശ്വാസം തിരിച്ചെടുക്കുക.
വോട്ടവകാശമില്ലാത്ത പക്ഷികളെ
ചില്ലകളിൽ നിന്ന്
കുടിയൊഴിപ്പിക്കുക
ഇണകളിലൊന്നിനെ മാത്രം
അമ്പെയ്ത് വീഴ്ത്തുക.
അവസാനമരത്തേയും
വേരോടെ പിഴുതെടുക്കുക.
ഇതളുകളെ
പൂവിൽ നിന്നറുത്തുമാറ്റുക
കാൽച്ചുവട്ടിൽ
ശ്വാസംമുട്ടുന്ന
കുഞ്ഞുപുഴയേയും 
ഒഴുക്കിനേയും
നീയും
ഞാനുമെന്നപോലെ
രണ്ടാക്കുക.
നെൽ ഗൃഹാതുരതയുടെ
പത്തായപ്പുരയിലെ
അവസാനത്തെ
കതിർമണിയേയും
വന്ധീകരിച്ചെടുക്കുക.
അത്താഴത്തിനായ്
ശേഷിക്കുന്ന
ഒറ്റമത്സ്യത്തേയും
കുരലുഞെക്കികൊല്ലുക.
നാമോടിതിമിർത്ത
വയലേലകളും
തുമ്പികളെ പിടിച്ച
തൊടികളും
വേലിക്കെട്ടിതിരിച്ച്
ഭൂമിത്തുണ്ടങ്ങളാക്കുക.
സ്വന്തമല്ലാത്ത
കൊടികൾക്കെതിരെ
ഒരു വടിവാൾ കരുതിവെക്കുക.
അന്നം തന്നവളെ
ഭോഗിച്ചുതന്നെ കൊല്ലുക.
അനന്തരം
ഏകാകികൾക്കായി
വീടിെ൯റ
ഉച്ചിയിൽ തൂങ്ങിയാടുന്ന
കയറി൯തുമ്പിലേക്ക്
മടങ്ങുക.
-ജിതേഷ് ആസാദ്

ചെറുക്കൻ കാണൽ (കവിത)

ചെറുക്കൻ കാണൽ (കവിത)
........................................
ചെക്കന് ജോലി? 
മുഖത്തെഴുത്ത് 
കഥകളിക്കാണോ?
തുള്ളലുമുണ്ട് 
എപ്പോഴുമുണ്ടോ? 
രാപ്പകലുണ്ട് 
എന്തു കിടയ്ക്കും?
പേരും പ്രശസ്തീം 
വേറൊന്നുമില്ലേ?
ചോദിച്ച ശമ്പളം 
കൂട്ടുകെട്ടുണ്ടോ? 
കെട്ടു കണക്കിന് 
വെള്ളമടിക്വോ?
മുള്ളാനില്ല നേരം 
ആഹാരമൊക്കെ? 
വാരിക്കൊടുക്കണം
അത്ര തിരക്കാ?
കയ്യൊഴിവില്ല
ഇഷ്ട കല?
മുഖത്തെഴുത്ത് തന്നെ 
തോന്നാൻ കാരണം?
ദേവീ കടാക്ഷം 
ചെയ്തു കാണിക്കാമോ?
ലാപ് ടോപ്‌ എടുക്കട്ടെ 
അതെന്തിനാണ്?
അതൊക്കെ വേണം 
എന്തേ ഫേസ് ബുക്ക്‌ എടുത്ത്?
ഇതിലാണ് എഴുത്ത് 
അപ്പോ മുമ്പേ പറഞ്ഞത്? 
"മലയാളത്തിൽ" അല്ലേ പറഞ്ഞത് ????

മകന്‍റെ അപ്പ-ന്‍ (കവിത )

മകന്‍റെ അപ്പന്‍ (കവിത )

അട വച്ചു വിരിയിക്കാന്‍
മാഷ്‌ ഏല്‍പ്പിച്ചത്
കണക്കു പേപ്പറില്‍ പൊതിഞ്ഞ
ആനമൊട്ട..!
അപ്പന്‍റെ ചൂടൊപ്പി-ല്‍ മാത്രം
വിരിയിച്ചു കൊടുക്കണമെന്ന്
മാഷിന്‍റെ “അപേക്ഷ..”
മൊട്ട കണ്ടാല്‍
അപ്പത്തിന്നുന്നൊരപ്പ-ന്‍ !
പിന്നെങ്ങനെ അടവയ്ക്കും ?
ഒരു തവണ;
ഒരു തവണ മാത്രം
അപ്പനായിക്കോളാ-ന്‍-- അമ്മ.
നാലാം ക്ലാസ്സില്‍ വച്ച്
പലതവണ അപ്പനായിട്ടും
അമ്മയൊഴിച്ചാരും അറിഞ്ഞില്ല
എന്നിട്ടും...
അമ്മയെന്നെ മോനെയെന്നു വിളിച്ചു...!!!
-ഗോപ കുമാർ തെങ്ങമം

പെരുന്നാള്
പെരുന്നാള് പ്രമാണിച്ചൊരു
കവിതയന്വേഷിച്ച്
ഇബ്രാഹിം വരെ ചെന്നു..
ഹാജറയോളം പോയി..
ഇസ്മായിലും സംസമും
മിന്നി മാഞ്ഞു..
ഒടുവില്‍
വര്‍ഷത്തിലൊരിക്കല്‍ മാത്രം
പോത്തിറച്ചി തിന്നാന്‍
ബലിമാംസം കാത്തിരിക്കുന്ന
ഉത്തരേന്ത്യന്‍ മുസ്‌ലിമിന്റെ
മുഖത്താണ് ഞാന്‍
കവിത കണ്ടത്..
-Sajathilmujeeb

Friday, 3 October 2014

പുണ്ണ്

പുണ്ണ്
...........................
കാലിൽ കമ്പു കൊണ്ടതാ
ഞരമ്പ് നീലിച്ചിരിക്കുന്നു
ഈച്ചയാർക്കുന്നു ................
ഉള്ളിൽ കനവ്‌ മുറിഞ്ഞതാ
ഹൃദയം ശൈത്യകാലത്തിലേക്ക്,
മനസ്സിൽ മരവിച്ച മിടിപ്പുകൾ
പ്രണയം
നീലിച്ച ഞരമ്പായി
വൃണിച്ചു പഴുത്ത പുണ്ണായി
പെണ്ണേ
നിനക്കെന്നെയറിയില്ല
എനിക്കു നിന്നെയുമറിയില്ല
ഉപ്പു നിറച്ച ഒരു ചുംബനം
അതുമതിയെന്നേക്കുമായെനിക്ക് .
-ടി സി വി സതീശൻ

Thursday, 2 October 2014

വി ര ഹം

വി ര ഹം
=============
ഉടഞ്ഞ ശംഖില്‍
ഓംകാരം
ഉയിര്‍ ത്യെജിക്കെ.. 
തകര്‍ന്ന നെഞ്ചില്‍
ഭൂപാളം 
അസ്തമിക്കെ..
.
നീയാം ഞാണൊടിഞ്ഞ 
പട്ടമീ ഞാന്‍ 
അലയുന്നിതവനിയില്‍
അതിരുകളില്ലാതെ...!!
അഗ്നിയാഹരിച്ചുച്ചിഷ്ട-
മായോരുഹവിസ്സു പോല്‍ 
നിന്‍ ദീപ്ത സ്മരണയി-
ലെന്‍ മനം ശേഷിക്കേ...
രാഗമകന്നൊരെന്‍ ജീവ-
ഗീഥിയിലിനിയും 
അക്ഷരത്തെറ്റുകള്‍ 
തിരയുവതെന്ത് ഞാന്‍..!!
മുറിഞ്ഞ തന്ത്രികളി-
ലിനിയുമെന്തിനൊ 
പാഴ്ക്കിനാക്കള്‍ തന്‍ 
ശ്രുതി ചേര്‍ത്ത് വയ്പ്പൂ ഞാന്‍..!!
നീയാം പദങ്ങളകന്നോരെന്‍
നിരര്‍ത്ഥക ജീവിത വാചകം
കൂട്ടിവായിക്കുവാന്‍ വൃഥാ- 
ഉഴറുവതെന്തു ഞാന്‍...!!
-ജഗദീഷ് കോവളം

ഗൗനിക്കാതെപോയ പൈതൃകം

ഗൗനിക്കാതെപോയ പൈതൃകം
==============================
പത്തുമാസം പേറി മുലയൂട്ടിതാരാട്ടി 
തത്വങ്ങളാം സഹന കാരുണ്യ വാത്സല്യ
മന്തരങ്കങ്ങളിൽ ഉലയൂതി കൂർപ്പിച്ചു 
നിന്ദ്യപ്രഭാവം ചുരണ്ടുന്ന പുണ്യത്തെ 
ബോധിച്ചു ഞാനേറെ പുസ്തകത്താളിതിൽ 
ബാധിച്ചതില്ലൊട്ടുമീ യവന തന്ത്രിയിൽ 
നിദ്രാവിഹീനമാമന്ധകാരത്തടവിൽ 
വൈദ്യുതിയേന്തിയ താതന്റെ നാമമി 
ന്നൊരു പുറത്തെങ്കിലും കോറിയിട്ടീടുവാ
നരുമയാം സന്തതികളാരുമേ ഇല്ലയി- 
ന്നേറെ പണിപ്പെട്ടുടുക്കാനുമുണ്ണാനു 
മുറയുന്ന പാനത്തിലഭിഷേകം ചെയ്യാനു 
മുയിരുവെച്ചുരുവാകുമുടലിനെ തഴുകാനു 
മുയരങ്ങളിൽ കൈപിടിചെന്നെയേന്താനും 
നിലയില്ലാ കയമാകുമധിക ചുങ്കം പേറി 
നിലവിട്ടമനമോടെ സംക്ഷോഭനാകുന്നൊ-
രാദികർത്താവിന്റെ നേരിന്റെ മേലാപ്പു 
നേദിച്ചിടുന്നു പുതു പുസ്തകത്താളിതിൽ 
അണകെട്ടിനിർത്തിയ കരിമുകിൽ തീരത്തെ 
നിണമായി നെഞ്ചോടൊതുക്കുന്നു പാതിരി
തായയോളം പോന്ന താതനിലെ പ്രതിപത്തി 
മായിചിടുന്നു നെടുവീർപ്പോടെ കാതങ്ങൾ!!!
                                   
                                    -നിജിത ബിന്ദ് ഹമീദ്