കാഴ്ചക്കാർ

Saturday 4 October 2014

വളര്‍ത്തുമൃഗം

വളര്‍ത്തുമൃഗം 
-----------------------------------
ദൂരെ ഏതോ ചന്തയില്‍ നിന്നും 
അച്ഛന്‍ ചുളുവിലക്ക് വാങ്ങിയതാത്രെ
അതാണ്‌ ഞങ്ങളെ 
പ്രസവിച്ചതും 
മുലയൂട്ടിയതും
ഉടുപ്പിക്കുന്നതും 
കുളിപ്പിക്കുന്നതും 
ആഹാരം തരുന്നതും 
അലക്കുന്നതും എല്ലാം
ഇതിനായി പ്രത്യേകിച്ച് 
ആഹാരം ഒന്നും വേണ്ട 
നമ്മള്‍ ഒക്കെ കഴിച്ചു 
ബാക്കി ഉള്ളത് ഇത് മിണ്ടാതെ 
രുചിയോടെ തിന്നും
ഇടയ്ക്കു അപ്പുറത്തെ മിന്നൂന്റെ വീട്ടിലെ 
വളര്‍ത്തു മൃഗം 
വേലിചാടി ഇപ്പുറത്ത് എത്താറുണ്ട് 
തിരിച്ചും ,
അപ്പോള്‍ ഈ രണ്ടു വളര്‍ത്തു മൃഗങ്ങള്‍ 
എന്തൊക്കെയോ ചെവിയില്‍ 
പറയുന്നത് കേള്‍ക്കാം 
അപൂര്‍വ്വം ചിരിക്കുകയും
രാത്രിയില്‍ ഇരുട്ടത്ത് 
ചിലപ്പോള്‍ ഇതിന്റെ 
നേര്‍ത്ത തേങ്ങലുകള്‍ കേള്‍ക്കാം
പകലും ഇടയ്ക്ക് ഇതിന്റെ 
കണ്ണുകള്‍ക്ക്‌ താഴെ 
രണ്ടു നീര്‍ച്ചാലുകള്‍ ഉണ്ടാകും 
എന്താന്നു ചോദിച്ചാല്‍ 
ഒന്നൂല്യ എന്നൊരു വാക്ക് മാത്രമേ 
അത് പഠിച്ചിട്ടുള്ളൂ എന്ന് തോന്നും
ഇടയ്ക്ക് ചില വിശേഷങ്ങള്‍ക്ക് 
ഞങ്ങള്‍ ഇതിനെ 
നെറ്റിയില്‍ കുറി ഒക്കെ തൊടുവിച്ചു 
കഴുത്തില്‍ കുറെ മാല ഒക്കെ ഇടീച്ചു 
പുറത്തു കൊണ്ട് പോകും ..
വല്ലപ്പോളും പുറത്തു ചാടുന്നത് കൊണ്ടാകാം 
വേറെ വളര്‍ത്തു മൃഗങ്ങളുടെ കൂടെ 
അത് വല്ലാത്ത മേച്ചിലാണ് 
വിളിച്ചാലും വിളിച്ചാലും വരില്ല 
പിന്നെ മൂക്കുകയര്‍ ഒക്കെ പിടിച്ചു 
ഉന്തി തല്ലി വണ്ടിയില്‍ കയറ്റും 
കൊണ്ട് വന്നു വീണ്ടും കെട്ടിയിടും .
ഇനി കെട്ടിയിട്ടില്ലെങ്കിലും 
അത് കൂടിയാല്‍ വേലി വരെയേ പോകൂ 
മുരിങ്ങയില പൊട്ടിക്കാനോ
ഗേറ്റില്‍ ഇട്ട പത്രം എടുക്കാനോ മറ്റോ 
കൃത്യം ആയി തിരിച്ചു വരും
പനിയൊക്കെ വന്നാല്‍
ഇത് ഇങ്ങോട്ട് തന്നെ പറയും 
ആശുപത്രിയില്‍ ഒന്നും പോണ്ട എന്ന് 
എന്നിട്ട് എന്തൊക്കയോ കുത്തിച്ചതച്ചു 
മരുന്നുണ്ടാക്കി കുടിക്കുന്നത് കാണാം
നമ്മള്‍ ചീത്ത പറഞ്ഞാലോ 
കളിയാക്കിയാലോ 
ഇതിനു അധികം പരാതി 
ഒന്നും തന്നെ ഇല്ല 
ഭയങ്കര നന്ദിയാ ...
-Sivaprasad Palode

1 comment:

  1. വല്ലപ്പോളും പുറത്തു ചാടുന്നത് കൊണ്ടാകാം
    വേറെ വളര്‍ത്തു മൃഗങ്ങളുടെ കൂടെ
    അത് വല്ലാത്ത മേച്ചിലാണ്
    വിളിച്ചാലും വിളിച്ചാലും വരില്ല
    പിന്നെ മൂക്കുകയര്‍ ഒക്കെ പിടിച്ചു
    ഉന്തി തല്ലി വണ്ടിയില്‍ കയറ്റും
    കൊണ്ട് വന്നു വീണ്ടും കെട്ടിയിടും .
    ഇനി കെട്ടിയിട്ടില്ലെങ്കിലും
    അത് കൂടിയാല്‍ വേലി വരെയേ പോകൂ

    ReplyDelete