കാഴ്ചക്കാർ

Saturday, 4 October 2014

നിഷാദം

നിഷാദം
================
നാദമാകും മു൯പേ
പുല്ലാങ്കുഴലിലെ
ശ്വാസം തിരിച്ചെടുക്കുക.
വോട്ടവകാശമില്ലാത്ത പക്ഷികളെ
ചില്ലകളിൽ നിന്ന്
കുടിയൊഴിപ്പിക്കുക
ഇണകളിലൊന്നിനെ മാത്രം
അമ്പെയ്ത് വീഴ്ത്തുക.
അവസാനമരത്തേയും
വേരോടെ പിഴുതെടുക്കുക.
ഇതളുകളെ
പൂവിൽ നിന്നറുത്തുമാറ്റുക
കാൽച്ചുവട്ടിൽ
ശ്വാസംമുട്ടുന്ന
കുഞ്ഞുപുഴയേയും 
ഒഴുക്കിനേയും
നീയും
ഞാനുമെന്നപോലെ
രണ്ടാക്കുക.
നെൽ ഗൃഹാതുരതയുടെ
പത്തായപ്പുരയിലെ
അവസാനത്തെ
കതിർമണിയേയും
വന്ധീകരിച്ചെടുക്കുക.
അത്താഴത്തിനായ്
ശേഷിക്കുന്ന
ഒറ്റമത്സ്യത്തേയും
കുരലുഞെക്കികൊല്ലുക.
നാമോടിതിമിർത്ത
വയലേലകളും
തുമ്പികളെ പിടിച്ച
തൊടികളും
വേലിക്കെട്ടിതിരിച്ച്
ഭൂമിത്തുണ്ടങ്ങളാക്കുക.
സ്വന്തമല്ലാത്ത
കൊടികൾക്കെതിരെ
ഒരു വടിവാൾ കരുതിവെക്കുക.
അന്നം തന്നവളെ
ഭോഗിച്ചുതന്നെ കൊല്ലുക.
അനന്തരം
ഏകാകികൾക്കായി
വീടിെ൯റ
ഉച്ചിയിൽ തൂങ്ങിയാടുന്ന
കയറി൯തുമ്പിലേക്ക്
മടങ്ങുക.
-ജിതേഷ് ആസാദ്

1 comment:

 1. സ്വന്തമല്ലാത്ത
  കൊടികൾക്കെതിരെ
  ഒരു വടിവാൾ കരുതിവെക്കുക.
  അന്നം തന്നവളെ
  ഭോഗിച്ചുതന്നെ കൊല്ലുക.
  അനന്തരം
  ഏകാകികൾക്കായി
  വീടിെ൯റ
  ഉച്ചിയിൽ തൂങ്ങിയാടുന്ന
  കയറി൯തുമ്പിലേക്ക്
  മടങ്ങുക.

  ReplyDelete